നടി രേഖയ്ക്കെതിരെ എം‌എന്‍എസ്

Webdunia
ശനി, 30 മെയ് 2009 (10:36 IST)
ബോളിവുഡ് മുന്‍ നായിക നടി രേഖയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ‘രാജ് കപൂര്‍ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് നല്‍കുന്നതിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്). അവാര്‍ഡിന്‍റ് പേര് മാറ്റണമെന്ന് രേഖ ആവശ്യപ്പെട്ടതാണ് എം എന്‍ എസിനെ ചൊടിപ്പിച്ചത്.

അവാര്‍ഡ് വിവരം ഔദ്യോഗികമായി അറിയിച്ചപ്പോഴാണ് രേഖ അസംതൃപ്തി അറിയിച്ചത്. താന്‍ ഇതുവരെ അഭിനയം നിര്‍ത്തിയിട്ടില്ലാത്തതിനാല്‍ ‘ലൈഫ് ടൈം’ അവാര്‍ഡ് വേണ്ട എന്നായിരുന്നു രേഖയുടെ അഭിപ്രായം. പിന്നീട്, അവാര്‍ഡിന് ‘രാജ് കപൂര്‍ പ്രതിഭാ ഗൌരവ്’ എന്ന പേര് നല്‍കി എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

രേഖ പ്രശ്നം വന്നതോടെ, മറാത്തി സിനിമയിലുള്ള സംഭാവനകള്‍ക്ക് മാത്രമേ രാജ്കപൂര്‍ ലൈ‌ഫ് ടൈം അവാര്‍ഡ്’ നല്‍കാവൂ എന്ന നിബന്ധനയും എം എന്‍ എസ് മുന്നോട്ടു വച്ചിട്ടുണ്ട്. പല ലൈഫ് ടൈം അവാര്‍ഡുകള്‍ സ്വീകരിച്ചിട്ടുള്ള നടി മഹാരാഷ്ട്ര സര്‍ക്കാരിനെ അപമാനിച്ചു എന്നും എം എന്‍ എസിന്‍റെ സിനിമാ സംഘടനയായ ‘മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ ചിത്രപഥ് കര്‍മചാരി സേന’ കുറ്റപ്പെടുത്തി.

എന്നാല്‍, അവാര്‍ഡിന്‍റെ പേര് മാറ്റണം എന്ന് രേഖയ്ക്ക് നിര്‍ബന്ധമില്ല എന്നാണ് അവാര്‍ഡ് സമിതിയംഗങ്ങള്‍ പറയുന്നത്. രജനീകാന്തും ഗുല്‍‌സറും അടക്കമുള്ളവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട് എന്ന് രേഖയെ ധരിപ്പിച്ചിട്ടുണ്ട് എന്നും സമിതിയംഗങ്ങള്‍ പറയുന്നു.