നടന്‍ വിജയകാന്ത് ഇനി ജയലളിതയ്ക്കൊപ്പം

Webdunia
ശനി, 26 ഫെബ്രുവരി 2011 (08:55 IST)
PRO
നടന്‍ വിജയകാന്ത് നേതൃത്വം നല്‍കുന്ന ഡിഎംഡികെ ജയലളിതയുടെ എഐഡിഎകെയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്ന് ധാരണയായി. ഇരു കക്ഷികളിലെയും നേതാക്കള്‍ ആദ്യമായി ഒരു മേശയ്ക്കു ചുറ്റും വന്നതോടെയാണു സഖ്യ സാധ്യതകള്‍ തെളിഞ്ഞത്‌. ഇതോടെ വിജയകാന്തിന്റെ ആരാധകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജലയളിത.

ഡിഎംഡികെ നേതാക്കളായ പണ്‍റുട്ടി എസ്‌ രാമചന്ദ്രന്‍, ആര്‍ സുന്ദരരാജന്‍, വിജയകാന്തിന്റെ ഭാര്യാ സഹോദരന്‍ എല്‍കെ. സുധീഷ്‌ എന്നിവര്‍ അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പു സമിതി അംഗങ്ങളായ ഒ പനീര്‍സെല്‍വം, എസ്‌ ജയരാമന്‍, കെഎ സെങ്കോട്ടയ്യന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇത് പ്രാഥമിക ചര്‍ച്ചയാണെന്നും എത്ര സീറ്റുകളില്‍ മല്‍സരിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലേ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ പറഞ്ഞു.

വിജയകാന്തിന്റെ പാര്‍ട്ടി കൂടി രംഗത്തെത്തിയതോടെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെക്ക് പതിനാല് കക്ഷികളുടെ പിന്തുണ ഉറപ്പായിട്ടുണ്ട്. വൈകോയുടെ എംഡിഎംകെ, സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ ഇതിനകം തന്നെ ജയലളിതയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, പാട്ടാളി മക്കള്‍കക്ഷി, വിടുതലൈ സിരുത്തൈ എന്നിവരാണു ഡിഎകെയെ പിന്തുണയ്ക്കുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്തിന്‍റെ പാര്‍ട്ടിക്ക് 10 ശതമാനത്തോളം വോട്ട് ലഭിച്ചിരുന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടു ശതമാനവും. ഡി‌എംകെ - എഐ‌എഡിഎംകെ പാര്‍ട്ടികള്‍ തമ്മിലുള്ള വോട്ട് വ്യതിയാനം ഡിഎംഡികെ കൂടിയെത്തുമ്പോള്‍ മറികടക്കാമെന്നു ജയലളിതയുടെ കണക്കുകൂട്ടല്‍. ആറു വര്‍ഷത്തോളമായി ഒറ്റയ്ക്കു നിന്നിരുന്നതു കൊണ്ട്‌ ഒരു എംഎല്‍എ സീറ്റല്ലാതെ കാര്യമായ നേട്ടമൊന്നും ഡിഎംഡികെക്കുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ഇളയ ദളപതി വിജയ്‌യും ജയലളിതയുടെ എഐ‌എഡിഎകെയെ പിന്തുണയ്ക്കുമെന്നു സൂചന. ഡിഎംകെയുടെ പ്രധാന വിമര്‍ശകനായി വിജയ് ഇതിനോടകം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാഗപട്ടണത്ത് ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലൂടെ രാഷ്ട്രീയ മോഹം വിജയ് വെളിവാക്കുകയും ചെയ്തു. സംഗതികള്‍ ഇത്തരത്തില്‍ മുന്‍പോട്ടു പോയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നില പരുങ്ങലിലാകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.