നടന്‍ ബോബ് ക്രിസ്‌റ്റോ അന്തരിച്ചു

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (13:23 IST)
PRO
PRO
ബോളിവുഡ് ചിത്രങ്ങളില്‍ നിരവധി ഗുണ്ടാ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ബോബ് ക്രിസ്‌റ്റോ (70) അന്തരിച്ചു. ഹൃദ്രോഗബാധിതനായ അദ്ദേഹത്തിന്റെ മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മലയാളമുള്‍പ്പെടെ ഇരുന്നൂറിലധികം സിനിമകളിലഭിനയിച്ച ക്രിസ്‌റ്റോ ഓസ്ട്രേലിയന്‍ സ്വദേശിയാണ്.

നടനും സംവിധായകനുമായ സഞ്ജയ് ഖാന്റെ ‘അബ്ദുള്ള‘ എന്ന ചിത്രത്തിലൂടെയാണു ക്രിസ്‌റ്റോ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പര്‍വീണ്‍ ബാബി എന്ന നടിയെക്കാണാനായി ഇന്ത്യയിലെത്തിയ അദ്ദേഹത്തിന്റെ സിനിമ പ്രവേശനം അപ്രതീക്ഷിതമായിട്ടായിരുന്നു.

നമക് ഹലാല്‍, അഗ്നി പഥ്, കാലിയ, മര്‍ദ്, നാസ്തിക്, കുര്‍ബാനി, മിസ്‌റ്റര്‍ ഇന്ത്യ, രൂപ് കി റാണി ചോരോം കാ രാജ, ഗുംരാഹ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു. എന്‍ജിനീയറിംഗ് ബിരുധദാരിയായ ക്രിസ്‌റ്റോ മോഡലിംഗും ചെയ്തിരുന്നു.

ഫ്ളാഷ് ബാക്ക്: മൈ ടൈംസ് ഇന്‍ ബോളിവുഡ് ആന്‍ഡ് ബിയോണ്ട് എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമകളോടുള്ള താല്പര്യം മൂലം അദ്ദേഹം മുംബൈയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.