നക്‍സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ കരസേനയെ വിന്യസിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്‌ച അറിയിച്ചു . കരസേനക്ക് മറ്റ് സുരക്ഷാ ജോലികളുടെ തിരക്ക് ഉള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്.
എല്ലാ സുരക്ഷാ വിഷയങ്ങള്‍ക്കും കരസേനയുടെ സേവനം ഉപയോഗിക്കുവാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം, നക്‍സല്‍ ബാധിത സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ കരസേന തയ്യാറാണെന്നും എ.കെ.ആന്‍റണി പറഞ്ഞു.
നക്‍സല്‍ബാധിത സംസ്ഥാനങ്ങളില്‍ അര്‍ദ്ധ-സൈനിക വിഭാഗത്തെ വിന്യസിപ്പിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ആന്‍റണി വെളിപ്പെടുത്തി.
നാവികസേനയോട് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാവികസേനയുടെ കപ്പലില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് നാവികര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.
പശ്ചിമബംഗാളില്‍ ഉദയം ചെയ്ത നക്‍സലിസം പിന്നീട് ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ചൈനയും പാകിസ്ഥാനും നക്‍സലൈറ്റുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.