നക്സലുകള്‍ ട്രെയിന്‍ വിട്ടയച്ചു

Webdunia
ബുധന്‍, 22 ഏപ്രില്‍ 2009 (12:34 IST)
ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയില്‍ നക്സലുകള്‍ പിടിച്ചെടുത്ത ട്രെയിന്‍ വിട്ടയച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റയില്‍‌വെ അധികൃതര്‍ അറിയിച്ചു.

ആറ് മണിക്കൂറോളം നീണ്ട ബന്ദിനാടകത്തിന് ഒടുവില്‍ 11:30 ഓടെ ട്രെയിന്‍ മോചിപ്പിച്ചു എന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെയും പ്രാദേശിക റയില്‍‌വെ ജോലിക്കാരുടെയും പ്രയത്നഫലമായാണ് നക്സലുകള്‍ ട്രെയിന്‍ വിട്ടയയ്ക്കാന്‍ സമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നക്സലുകള്‍ 700-800 യാത്രക്കാരുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചെടുത്ത് യാത്രക്കാരെ ബന്ദികളാക്കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രം രണ്ട് ഫൈറ്റര്‍ ഹെലികോപ്ടറുകള്‍ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വോട്ടര്‍മാരെ ഭയചകിതരാക്കുന്നതിനു വേണ്ടിയാണ് നക്സലുകള്‍ ട്രെയിന്‍ യാത്രക്കാരെ ബന്ദികളാക്കിയതെന്ന് കരുതുന്നു.

ബുധനാഴ്ച രാവിലെ 6:30 ന് ലതേഹാര്‍ ജില്ലയില്‍ 200 ഓളം വരുന്ന ആയുധ ധാരികളായ വിമതരാണ് ട്രെയിന്‍ പിടിച്ചെടുത്തത്. ബരാകണയില്‍ നിന്ന് മുഗള്‍ സരായിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഹില്‍ഗഡ് സ്റ്റേഷനില്‍ വച്ചാണ് നക്സലുകള്‍ പിടിച്ചെടുത്തത്.