ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ദുര്‍ഗാ നാഗ്‌പാല്‍ ഭര്‍ത്താവുമൊന്നിച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് മാപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സസ്പെന്‍ഷന്‍ സംഭവത്തിന് ശേഷം ആദ്യമായാണ് ഇവര്‍ അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തുന്നത്.
അനധികൃതമായി നിര്‍മ്മിച്ച ഒരു മുസ്ലിം പള്ളിയുടെ മതില്‍ പൊളിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂലൈയിലാണ് ഗൗതം ബുദ്ധ് നഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായിരുന്ന ദുര്‍ഗയെ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം സംസ്ഥാനത്തെ അനധികൃത മണല്‍മാഫിയക്കെതിരെ ദുര്‍ഗ ശക്തമായ നടപടി എടുത്തതിന്റെ പ്രതികാര നടപടിയാണ് ഈ സസ്‌പെന്‍ഷന്‍ എന്നാണ് ആരോപണം. ഇവരെ സസ്‌പെന്‍ഡ് ചെയ്തതനുശേഷം വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.
കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ദേശീയ സംഘടന ദുര്‍ഗയുടെ സസ്‌പെന്‍ഷനെതിരെ രംഗത്തുവന്നിരുന്നു. പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് ദുര്‍ഗയ്ക്ക് നീതി ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു.