ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ ഇളവുചെയ്യില്ല: സുപ്രീംകോടതി

Webdunia
വെള്ളി, 12 ഏപ്രില്‍ 2013 (11:43 IST)
PRO
PRO
ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനം എടുക്കുന്നതിന് കാലതാമസം നേരിട്ടാല്‍ വധശിക്ഷയില്‍ ഇളവു നല്‍കേണ്ടതില്ല എന്ന് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം നീതി നിഷേധമാണെന്ന ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കഴുമരത്തിലേറ്റുന്നതും കാത്തുകഴിയുന്ന ഒട്ടേറെ കുറ്റവാളികളെ സ്വാധീനിക്കുന്ന വിധിയാണിത്.

കാര്‍ ബോംബ് സ്ഫോടനക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ദേവേന്ദര്‍സിങ് ഭുല്ലാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വിധി പറഞ്ഞത്. 1993ല്‍ ഡല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തി ഒന്‍പതു പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. 2003ല്‍ ഭുല്ലാര്‍ ദയാഹര്‍ജി നല്‍കി. പക്ഷേ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2011ലാണ് രാഷ്ട്രപതി ഇയാളുടെ ദയാഹര്‍ജി തള്ളിയത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വധശിക്ഷയില്‍ ഇളവുനല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിധി നടപ്പാക്കുന്നതിനെ സുപ്രീംകോടതിയുടെ ഈ ഉത്തരവ് സ്വാധീനിക്കും.