ദയാവധം: തീരുമാനം ഭരണഘടനാ ബഞ്ചിന് വിട്ടു

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (11:28 IST)
PRO
PRO
ദയാവധം സംബന്ധിച്ച ഹര്‍ജിയില്‍ അന്തിമതീരുമാനം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സമിതിയാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിട്ടത്. ദയാവധത്തിന്റെ സാമൂഹിക വൈദ്യശാസ്ത്രപരമായ വശങ്ങള്‍ പരിഹരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജീവിക്കാനുള്ള അവകാശം ഭരണഘടനപരമാണ്. അതിനാല്‍ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ദയാവധം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതു താല്‍പര്യഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്കുന്ന കോണ്‍കോസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്ക് ദയാവധം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദയാവധം നിയമപരമാക്കുന്നതിന് വിശദമായ മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ജീവിക്കാനുള്ള അവകാശം നിലനില്‍ക്കെ ദയാവധം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. ദയാവധം ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ല. ദയാവധം അനുവദിക്കുന്നത് ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമാണ്. ഡോക്ടര്‍മാരുടെ ദൌത്യം ജീവന്‍ നിലനിര്‍ത്തുക എന്നതാണ്. അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.