തൊഴിലാളി സമരം: ബംഗാളില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

Webdunia
തിങ്കള്‍, 27 ജനുവരി 2014 (20:10 IST)
PRO
PRO
ബംഗാളിലെ ആയിരത്തോളം വരുന്ന ചണമില്‍ തൊഴിലാളികള്‍ നടത്തിയ റെയില്‍ ഉപരോധത്തില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൊല്‍ക്കത്തയിലെ സിയാല്‍ഡയില്‍ നിന്ന് സിലിഗുഡി മേഖലയിലേക്കുള്ള റെയില്‍ ഗതാഗതമാണ് സ്തംഭിച്ചു.

ഗ്രാറ്റുവിറ്റിയും പിഎഫും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടത് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. രാവിലെ എട്ടുമണിയോടെ ടിറ്റാഗറിലെ സിയാല്‍ഡ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ആരംഭിച്ച ഉപരോധം തിങ്കളാഴ്ച രാത്രിയും അവസാനിച്ചിട്ടില്ല.

സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയ ശേഷമേ ഉപരോധം അവസാനിപ്പിക്കൂവെന്നാണ് സമരക്കാരുടെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ സമരത്തോട് പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന കേന്ദ്ര റെയില്‍വേ മന്ത്രിയായ ആധിര്‍ ചൗധരി പ്രശ്‌നത്തില്‍ ഇടപെടട്ടെയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.