തെളിയുന്നത് അധോലോക ബന്ധങ്ങള്‍; വാതുവയ്പ്പ് കണ്ടെത്തിയ ഇന്‍സ്പെക്ടറെ ദാവൂദ് സംഘം കൊലപ്പെടുത്തി?
ശനി, 18 മെയ് 2013 (18:38 IST)
PRO
PRO
ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്പ്പിനു പിന്നില്‍ അധോലോകമാണെന്നത് പരസ്യമായ രഹസ്യമാണ്. ദുബായിലും പാകിസ്ഥാനിലും ഇരുന്ന് അധോലോകത്തെ നിയന്ത്രിക്കുന്ന ദാവൂദ് ഇബ്രാഹിമിലേക്ക് തന്നെയാണ് കണ്ണികള്‍ നീളുന്നത്. അതുകൊണ്ട് തന്നെ ഐപിഎല്‍ എന്ന പണംവാരി കളിക്ക് പിന്നില്‍ എന്തു നാടകങ്ങള്‍ നടക്കുന്നുവെന്നത് അജ്ഞാതവുമാണ്. അതുകൊണ്ട് തന്നെയാണ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കിയ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഇന്‍സ്പെക്ടര്‍ ബദ്രീഷ് ദത്തിന്റെ മരണം ദുരൂഹതയാകുന്നതും.
ടെലിഫോണ്‍ സന്ദേശം ചോര്‍ത്തുന്നതിലും രഹസ്യ കോഡുകളുടെ ചുരുളഴിക്കുന്നതിലും വിദഗ്ധനായിരുന്നു ദത്ത്. ഏപ്രില്‍ മധ്യത്തില്‍ ചോര്‍ത്തിയ ഒരു ടെലിഫോണ്‍ കോളില്‍നിന്നാണ് വാതുവയ്പിന്റെ ആദ്യ തുമ്പ് കണ്ടെത്തുന്നത്.
തുടര്‍ന്ന് ദിവസങ്ങളോളം ഫോണ്‍ ചോര്‍ത്തല്‍ തുടര്‍ന്നു. സ്പെഷല്‍ സെല്‍ അംഗങ്ങളെ വാതുവയ്പുകാരെ നിരീക്ഷിക്കാന്‍ നിയോഗിച്ചു. ഈ മാസം ഒന്‍പതിലെ കിങ്ങ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരവും നിരീക്ഷിച്ചു. ഇതിനെല്ലാം ശേഷം ഈ മാസം പത്തിനാണ് ബദ്രീഷ് ദത്ത്, വാതുവയ്പു സംബന്ധിച്ച വിവരം സ്പെഷല്‍ സെല്‍ തലവന്‍ സ്പെഷല്‍ കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്‌തവയെ അറിയിച്ചത്. പതിനൊന്നിന്ന് വിവിധ സംഘങ്ങളായി ഡല്‍ഹിയിലും ഗുഡ്ഗാവിലും റെയ്ഡ് നടത്താന്‍ പദ്ധതിയിട്ടു. അന്നു രാത്രിയിലാണ് ദത്തിന്റെ മരണം.
പതിനൊന്നിനു രാവിലെ റെയ്ഡിനു പോകാന്‍ ദത്ത് എത്തിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാമുകി ഗീതയുടെ ഗുഡ്ഗാവിലെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തു തന്നെ ഗീതയുടെ മൃതദേഹവും കണ്ടെത്തി. ദത്തിനെ സര്‍വീസ് റിവോള്‍വര്‍ കൊണ്ട് വെടിവച്ച ശേഷം ഗീത ആത്മഹത്യ ചെയ്‌തതാണെന്നായിരുന്നു പൊലീസ് ഭാഷ്യം. രണ്ടു ദിവസത്തിനു ശേഷം പൊലീസ് നിലപാടു മാറ്റി. ഗീതയെ കൊലപ്പെടുത്തിയ ശേഷം ദത്ത് ജീവനൊടുക്കിയെന്നായിരുന്നു പുതിയ കണ്ടെത്തല്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാതുവയ്പു കേസുമായി കൂട്ടിവായിക്കുമ്പോള്‍ ബദ്രീഷ് ദത്തിന്റെയും കാമുകിയുടെയും മരണത്തിനുപിന്നില്‍ ദുരൂഹത ഏറെയാണ്. എന്നാല്‍ വാതുവയ്പ്പ് കേസുമായി ദത്തിന്റെ മരണത്തിനു ബന്ധമില്ലെന്നാണ് കമ്മിഷണര്‍ നീരജ് റാവുവിന്റെ വെളിപ്പെടുത്തല്‍. മരണത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ തന്നെ സമ്മതിക്കുമ്പോഴും ഇതില്‍ തുടരന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് ഔദ്യോഗിക നിലപാട്. വാതുവയ്പ്പുകാര്‍ താരങ്ങളുടെ കിടപ്പറ രംഗങ്ങള്‍ പോലും രഹസ്യകാമറകള്‍ ഉപയോഗിച്ച് പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനൊക്കെ ചുക്കാന്‍ പിടിച്ചതാവട്ടെ അധോലോകവും. അതുകൊണ്ട് തന്നെ വാതുവയ്പ്പില്‍ നിലവില്‍ പിടിയിലായവരെ കൂടാതെ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമോയെന്ന് കണ്ടറിയണം