തെലങ്കാന: ബന്ദില്‍ ജനജീവിതം സ്തംഭിച്ചു

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2013 (17:29 IST)
തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ കര്‍ണൂലും അനന്തപുരും ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെയുള്ള ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. എന്നാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) ആണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബിജെപിയും സിപിഐയും ബന്ദിനെ പിന്തുണച്ചു.

റായലസീമയിലെ രണ്ട് ജില്ലകള്‍ കൂടി ആന്ധ്രാപ്രദേശിനോട് ചേര്‍ക്കാനുളള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ടിആര്‍എസ് ബന്ദിന് ആഹ്വാനം ചെയ്തത്. കര്‍ണൂലും അനന്തപുരും ഉള്‍പ്പെടുത്തി റായലതെലങ്കാന രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

കനത്ത പൊലീസ് സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെലങ്കാന വിഷയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.