തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ്: ഗോപിനാഥ മുണ്ടെക്കെതിരെ വീണ്ടും നോട്ടീസ്

Webdunia
ബുധന്‍, 3 ജൂലൈ 2013 (18:56 IST)
PRO
PRO
തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി നേതാവ് ഗോപിനാഥ മുണ്ടെക്കെതിരെ വീണ്ടും നോട്ടീസ്. ചെലവ് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പും മുണ്ടെക്ക് നോട്ടീസയച്ചു. ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നോട്ടീസ് അയച്ചിരുന്നു.

ജൂണ്‍ 27ന് മുംബൈയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ലോക്സഭയിലെ ബിജെപി ഉപനേതാവ് കൂടിയായ മുണ്ടെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. 2009ലെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ എട്ടുകോടി രൂപ പ്രചാരണത്തിന് ചെലവഴിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. 40 ലക്ഷം മാത്രമാണ് ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് മുണ്ടെ തന്‍െറ യഥാര്‍ഥ ചെലവ് വെളിപ്പെടുത്തിയത്.