വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ്. എന്നാല്‍, ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമേ സഖ്യം സാധ്യമാവുകയുള്ളൂ എന്നും പാര്‍ട്ടിയുടെ സംസ്ഥാന ഏകോപന സമിതി തീരുമാനിച്ചു.
കോണ്‍ഗ്രസുമായി സഖ്യത്തിന് വിരോധമില്ല എന്നും എന്നാല്‍ അതിനായി അനന്തമായ കാത്തിരിപ്പ് പറ്റില്ല എന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി നടത്തിയ പ്രസ്താവനയെ യോഗം വിലയിരുത്തി.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിനാല്‍ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍, സഖ്യം ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എന്‍ഡിഎയുമായുള്ള ബന്ധം ഔപചാരികമായി അവസാനിപ്പിക്കണം എന്നതാണ് കോണ്‍ഗ്രസിന്‍റെ ഉപാധി. സംസ്ഥാനത്ത് മതനിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് സിപിഎമ്മിനെ എതിരിടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നാല്‍പ്പത്തിയഞ്ച് മിനിറ്റ് നീണ്ട ഏകോപനസമിതി യോഗം വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് ചേര്‍ന്നത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി സമ്മേളനത്തില്‍ സംബന്ധിച്ചു.