ലൈംഗികാരോപണ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. തേജ്പാലിന്റെ ഹര്‍ജിയില്‍ കോടതി ഗോവ പൊലീസിന് നോട്ടീസ് അയച്ചു. എന്നാല്‍ നാളെ ഹര്‍ജി പരിഗണിക്കുന്നവരെ അറസ്റ്റ് തടയണമെന്ന തേജ്പാലിന്റെ ആവശ്യം കോടതി തള്ളി.
തനിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ഗോവ മുഖ്യമന്ത്രി കേസില്‍ അമിത താല്‍പര്യം കാണിക്കുന്നുണ്ടെന്നും തേജ്പാല്‍ ആരോപിച്ചു. പാര്‍ട്ടിക്കിടെ മദ്യപിച്ച തങ്ങള്‍ പരസ്പരം സമ്മതത്തോടെ നടത്തിയ സ്വകാര്യതയാണ് പീഡനമായി ആരോപിക്കുന്നതെന്നും തേജ്പാല്‍ ചൂണ്ടിക്കാട്ടി.
അതേമസയം, പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഗോവ പോലീസ് ഇന്നു മൊഴിയെടുക്കും. ഇതിനായി പോലീസ് മുംബൈയില്‍ എത്തിയിട്ടുണ്ട്. യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിക്കഴിഞ്ഞാല്‍ തേജ്പാലിനെ അറസ്റ്റു ചെയ്യാനാണ് പോലീസിന്റെ ശ്രമം.