തമിഴ്‌നാട് ഉപേക്ഷിക്കാന്‍ ചിമ്പു, ഇനി കേരളത്തിലേക്ക്?

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2015 (10:57 IST)
തമിഴ്‌നാട് ഉപേക്ഷിക്കുമെന്ന ഭീഷണിയുയര്‍ത്തി തമിഴ് യംഗ് സൂപ്പര്‍താരം ചിമ്പു(ചിലമ്പരശന്‍ എന്ന എസ്‌ടി‌ആര്‍)വിന്‍റെ കുടുംബം. കേരളത്തിലേക്കോ കര്‍ണാടകത്തിലേക്കോ പോകാനും അവിടെ സ്ഥിര താമസമാക്കാനും കുടുംബം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  'ബീപ് ഗാന’വുമായി ബന്ധപ്പെട്ട് ചിമ്പുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കിയതോടെയാണ് തമിഴ്നാട് തന്നെ ഉപേക്ഷിക്കാമെന്ന കടുത്ത തീരുമാനത്തിലേക്ക് ചിമ്പുവിന്‍റെ കുടുംബം എത്തിയിരിക്കുന്നത്.
 
ചെന്നൈയിലും കോയമ്പത്തൂരിലുമായി 11 കേസുകളാണ് ചിമ്പുവിനും സംഗീത സംവിധായകന്‍ അനിരുദ്ധിനുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിമ്പുവിനെ ആവശ്യമില്ലാതെ അപകടത്തില്‍ ചാടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. 
 
വളരെ സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഒരു പാട്ടാണത്. അതില്‍ ഉപയോഗിച്ചിരിക്കുന്ന മോശം വാക്കുകളെല്ലാം ബീപ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. പിന്നീട്, ഈ ഗാനം ആവശ്യമില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. ആ ഗാനമാണ് ഇപ്പോല്‍ ആരോ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് - ചിമ്പുവിന്‍റെ കുടുംബം പറയുന്നു.
 
തങ്ങളെ തങ്ങളാക്കിയത് തമിഴ്‌നാടാണെന്നും ആ നന്ദി എപ്പോഴുമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ ജീവിക്കാനാവില്ലെന്നുമാണ് ചിമ്പുവിന്‍റെ കുടുംബം പറയുന്നത്.