തമിഴകത്തിന് ജഡ്‌ജിയോടുള്ള നന്ദി തീരുന്നില്ല; കുഞ്ഞുങ്ങള്‍ക്ക് ഇനി കുമാരസ്വാമി എന്ന് പേര്

Webdunia
ബുധന്‍, 13 മെയ് 2015 (14:14 IST)
മുന്‍ മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കി തമിഴകത്തിന് തിരിച്ചു നല്കിയ ജഡ്‌ജിയോട് തമിഴ്മക്കള്‍ക്കുള്ള സ്നേഹം അത്ര പെട്ടെന്നൊന്നും അവസാനിക്കില്ല. ജയലളിതയുടെ വിധി പ്രഖ്യാപിച്ച കര്‍ണാടക ഹൈക്കോടതി ജഡ്‌ജി കുമാരസ്വാമിയെ മറന്നുകളയാനും തമിഴകം ഒരുക്കമല്ല. നവജാതശിശുക്കള്‍ക്ക് കുമാരസ്വാമി എന്ന് പേരു നല്കിയാണ് ജഡ്‌ജിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നത്.
 
കോയമ്പത്തൂരില്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകനായ ചന്ദ്രന്റെ ആഹ്വാനപ്രകാരമാണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ പേരിടാന്‍ തയ്യാറായിരിക്കുന്നത്. കോയമ്പത്തൂരില്‍ 84ആം വാര്‍ഡ് കൌണ്‍സിലറാണ് ചന്ദ്രന്‍. 
 
ജയലളിതയുടെ അപ്പീല്‍ അനുവദിച്ച് വിധി റദ്ദു ചെയ്ത് ഉത്തരവ് പ്രഖ്യാപിച്ചത് കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി ആര്‍ കുമാരസ്വാമി ആയിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നല്‍കണം എന്നതാണ് ആഹ്വാനം.
 
ആണ്‍കുഞ്ഞുങ്ങള്‍ക്ക് കുമാരസ്വാമിയെന്നും പെണ്‍കുഞ്ഞുങ്ങള്‍ക്ക് അമ്മ കുമാരസ്വാമിയെന്നും പേരിടണമെന്നാണ് മാതാപിതാക്കള്‍ക്ക് ചന്ദ്രന്‍ നല്കുന്ന നിര്‍ദ്ദേശം. മിക്ക മാതാപിതാക്കള്‍ക്കും ഈ ആഹ്വാനം സന്തോഷപൂര്‍വ്വം സ്വീകരിച്ചു കഴിഞ്ഞു എന്നാണ് കോയമ്പത്തൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.