തത്‌കാല്‍ ബുക്കിംഗില്‍ സമയമാറ്റം; കാന്‍സല്‍ ചെയ്താല്‍ പകുതി കാശും കിട്ടും

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (15:09 IST)
തത്‌കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ അടിമുടി മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. എ സി ക്ലാസുകളിലും സ്ലീപ്പര്‍ ക്ലാസുകളിലും തത്‌കാല്‍ ടിക്കറ്റ് വെവ്വേറെ സമയങ്ങളിലായിട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം രാവിലെ 10 മണിമുതല്‍ 11 മണി വരെയുള്ള സമയത്ത് എ സി ക്ലാസുകളിലേക്കുള്ള തത്‌കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
 
എന്നാല്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ രാവിലെ 11 മണി മുതല്‍ 12 മണി വരെയാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഉറപ്പായ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദു ചെയ്താല്‍ ഇനിമുതല്‍ 50 ശതമാനം ചാര്‍ജ് തിരിച്ചു കിട്ടും.നിലവില്‍ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദു ചെയ്താല്‍ ഒന്നും തിരിച്ചു കിട്ടില്ലായിരുന്നു. ഈ സാഹചര്യത്തില്‍ പകുതി ചാര്‍ജെങ്കിലും തിരിച്ചു കിട്ടുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
 
പ്രീമിയം ട്രെയിനുകള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. അതേസമയം, തത്കാല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ മാറ്റങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍‍. എന്നാല്‍, ബുക്കിങ് സമയത്തിലെ മാറ്റം എന്ന് മുതലാണ് പ്രാബല്യത്തില്‍ വരുക എന്ന് റെയില്‍വെ അറിയിച്ചിട്ടില്ല.
 
തിരക്കേറിയ സമയത്ത് കൂടുതല്‍ നിരക്ക് ഈടാക്കി ആയിരിക്കും തത്കാല്‍ ട്രെയിനുകള്‍ ഓടുക. 175 രൂപ മുതല്‍ 400 രൂപവരെയാണ് തത്കാല്‍ ചാര്‍ജായി അധികം ഈടാക്കുന്നത്. 
 
തത്കാല്‍ ടിക്കറ്റിന് ബുക്കിങ് സമയം ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാത്രമായിരുന്നെങ്കില്‍ തത്കാല്‍ സ്‌പെഷല്‍ ട്രെയിനില്‍ 60 ദിവസം മുമ്പ് മുതല്‍ പുറപ്പെടുന്നതിന് 10 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം.