തത്കാല്‍ ബുക്കിംഗ് റയില്‍‌വെ അവസാനിപ്പിക്കുന്നു?

Webdunia
വെള്ളി, 29 ജൂണ്‍ 2012 (15:40 IST)
PRO
PRO
അത്യാവശ്യ ഘട്ടങ്ങളില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തത്കാല്‍ സ്കീം ബുക്കിംഗ് അവസാനിപ്പിക്കാന്‍ റയില്‍‌വെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സ്കീം വ്യാ‍പകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള കണ്ടെത്തലുകളെ തുടര്‍ന്നാണിത്.

തത്കാല്‍ ടിക്കറ്റിന് പകരം എമര്‍ജന്‍സി ക്വാട്ട സിസ്റ്റം ആരംഭിക്കാനാണ് റയില്‍‌വെ അലോചിക്കുന്നത്. ഈ ക്വാട്ടയില്‍ ടിക്കറ്റ് എടുക്കുന്നവര്‍ അടിയന്തര യാത്ര നടത്തുന്നതിന്റെ വ്യക്തമായ കാരണം ബോധ്യപ്പെടുത്തേണ്ടിവരും.

തത്കാല്‍ സംവിധാനം ഓണ്‍ലൈനില്‍ മാത്രമായി ചുരുക്കുന്നതിനെക്കുറിച്ചും റയില്‍‌വെ ആലോചിക്കുന്നുണ്ട്. സാധാരണ ടിക്കറ്റ് ബുക്കിംഗ് സമയത്തില്‍ നിന്ന് മാറിയായിരിക്കും തത്കാല്‍ ബുക്കിംഗിന് സൌകര്യം ഏര്‍പ്പെടുത്തുക.

റയില്‍‌വെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാര്‍ തത്കാല്‍ ടിക്കറ്റുകള്‍ കൈക്കലാക്കി കരിഞ്ചന്തയില്‍ വന്‍ തുകയ്ക്ക് വില്‍ക്കുന്നത് മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റയില്‍‌വെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത്.