ഡോ. ദെക്കലിന്റെ രാജി അംഗീകരിച്ചില്ല

Webdunia
വെള്ളി, 25 മാര്‍ച്ച് 2011 (09:28 IST)
PRO
മുന്‍ ടെലികോം മന്ത്രി എ രാജയുടെ വ്യാപാര പങ്കാളി സാദിഖ് ബാഷയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ ദെക്കലിന്റെ രാജി അംഗീകരിക്കില്ല എന്ന് തമിഴ്നാട് സര്‍ക്കാര്‍. രാജി നല്‍കിയ ദെക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞ് മൂന്നാം ദിവസമാണ് രാജി അംഗീകരിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

അതേസമയം‍, വെള്ളിയാഴ്ച മുതല്‍ ജോലിക്ക് ഹാജരാവില്ല എന്നാണ് ദെക്കലിന്റെ തീരുമാനം.

കില്‍‌പോക്ക് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവനായ ദെക്കല്‍ തിങ്കളാഴ്ചയാണ് രാജി നല്‍കിയത്. എന്നാല്‍, രണ്ട് കാരണങ്ങളാല്‍ രാജി അംഗീകരിക്കില്ല എന്ന നിലപാടിലാണ് സര്‍ക്കാരിപ്പോള്‍. ദെക്കല്‍ മൂന്ന് മാസത്തെ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാലും സംസ്ഥാനത്ത് ഫോറന്‍സിക് വിദഗ്ധരുടെ കുറവ് ഉള്ളതിനാലും രാജി സ്വീകരിക്കാനാവില്ല എന്ന് സര്‍ക്കാര്‍ ദെക്കലിനെ അറിയിച്ചു.

ബാഷയെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബാഷയുടെ മരണം മാര്‍ച്ച് 16 ന് രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയിലായിരിക്കും നടന്നതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാഷ ശ്വാസം‌മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം ദെക്കല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ആണോ കൊലപാതകം ആണോ എന്ന് അറിയണമെങ്കില്‍ വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരണമെന്നും ദെക്കല്‍ പറഞ്ഞിരുന്നു.