ഡീസല്‍, പാചക വാതക വില കൂട്ടണമെന്ന് കിരീത് പരേഖ് സമിതിയുടെ ശുപാര്‍ശ. സമിതി ശുപാര്‍ശ ചെയ്തു. ഡീസലിന് നാലും എല്‍പിജിക്ക് നൂറും രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത് . പാചകവാതകത്തിന്റെ വില നിയന്ത്രണം നീക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഡീസല്‍ വിലയില്‍ അടിയന്തരമായി നാലുരൂപയുടെ വര്‍ധന വേണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മാത്രമല്ല ഡീസലിന് സബ്‌സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വേണ്ടി എല്ലാ മാസവും ഡീസലിന് ഒരു രൂപ വീതം വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
പാചകവാതകത്തിന് എത്രയും വേഗം നൂറുരൂപ വര്‍ധിപ്പിക്കണമെന്നും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പാചകവാതകത്തിന് നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. പൊതുവിതരണ മേഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില രണ്ട് രൂപയോളം വര്‍ധിപ്പിക്കാനും മൂന്ന് വര്‍ഷത്തിനുള്ളില്‍ മണ്ണെണ്ണയ്ക്ക് നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും നിര്‍ദ്ദേശമുണ്ട്. 2014 ഏപ്രിലിലും മണ്ണെണ്ണയ്ക്ക് രണ്ട് രൂപ വര്‍ധിപ്പിക്കണം.
പെട്രോളിനോ ഡീസലിനോ പാചകവാതകത്തിനോ വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞ ദിവസം തന്നെയാണ് വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സമിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. പെട്രോളിയം സബ്‌സിഡിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡോക്ടര്‍ കിരിത് എസ് പരീത് അധ്യക്ഷനായ സമിതി രൂപീകരിച്ചത്.