ഡി‌എംകെയ്ക്ക് മുഖം രക്ഷിക്കാന്‍ രാജി തന്നെ വഴി

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2011 (09:15 IST)
PTI
ഡിഎം‌കെയ്ക്ക് മുഖം രക്ഷിക്കാന്‍ മന്ത്രിമാരുടെ രാജി തന്നെ വഴി. എസ് പി നേതാവ് മുലായം സിംഗ് യാദവ് കഴിഞ്ഞ ദിവസം യുപി‌എ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതും ഡി‌എംകെ പ്രശ്നത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നടത്താത്തതും ഇനിയുമൊരു നീക്കുപോക്കിനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു.

ഡി‌എംകെയുടെ കേന്ദ്ര മന്ത്രിമാരായ നെപ്പോളിയന്‍, അളഗിരി, ദയാനിധി മാരന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് കേന്ദ്ര മന്ത്രിമാരാണ് ഡി‌എംകെയ്ക്ക് ഉള്ളത്.

തമിഴ്നാടിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഞായറാഴ്ച ഡി‌എംകെ അധ്യക്ഷന്‍ എം കരുണാനിധിയുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. പകരം ആസാദ് മൂ‍ന്ന് തവണ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയാണുണ്ടായത്. തിങ്കളാഴ്ച ഗുലാം നബി ആസാദ് പ്രണാബ് മുഖര്‍ജിയെ കാണുമെന്നും ഇരുവരും ചേര്‍ന്ന് സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെയും കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

543 അംഗ ലോക്സഭയില്‍ ഡി‌എംകെയ്ക്ക് 18 എം‌ പിമാരാണ് ഉള്ളത്. ഡി‌എംകെ ഉള്‍പ്പെടുന്ന യുപി‌എയ്ക്ക് 274 അംഗങ്ങളാണ് ഉള്ളത്. എന്നാല്‍, പിന്തുണ പിന്‍‌വലിക്കുന്ന സാഹചര്യത്തില്‍ യുപി‌എ അംഗങ്ങളുടെ എണ്ണം 256 ആയി ചുരുങ്ങും. ഈ സാഹചര്യത്തിലാണ് 22 അംഗങ്ങളുള്ള എസ് പി പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 63 സീറ്റ് ചോദിച്ചത് അനുവദിക്കാനാവാത്തതിനെ തുടര്‍ന്നാണ് യുപി‌എ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരെ പിന്‍‌വലിക്കുന്നത് എന്നാണ് ഡി‌എംകെ അവകാശപ്പെടുന്നത്. എന്നാല്‍, സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ മകള്‍ കനിമൊഴിയെ സിബിഐ ചോദ്യം ചെയ്യാനൊരുങ്ങുന്നത് തടയണമെന്ന് ഡി‌എംകെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ കേസന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാവില്ല എന്ന കോണ്‍ഗ്രസ് നിലപാടാണ് ഡി‌എംകെ - കോണ്‍ഗ്രസ് ബന്ധം വഷളാവാന്‍ കാരണമെന്നും സൂചനയുണ്ട്.