ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ ഭാര്യയെ വെടിവച്ചുകൊന്നയാള്‍ ആത്മഹത്യ ചെയ്തു

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (13:39 IST)
PRO
PRO
ഡല്‍ഹി കഡ്കഡൂമ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച ഭാര്യയെ വെടിവച്ചുകൊന്നുയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. പവന്‍കുമാര്‍ എന്നയാളെയാണ് ഉത്തര്‍പ്രദേശിലെ മുരുദ്നഗറില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരുദ്നഗര്‍ റയില്‍‌വെ സ്റ്റേഷന് സമീപമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ ഇയാള്‍ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു.

25 കാരിയായ ദീപ്തിയാണ് ഭര്‍ത്താവ് പവന്‍‌കുമാറിന്റെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് ദീപ്തിയുടെ പിതാവ് ബിഷംദാസ് ഗുരുതരാവസ്ഥയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതിയും പിതാവും സ്റ്റേഷനിലെ എസ്കലേറ്ററില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് പവന്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ത്തത്. ചുവന്ന ആള്‍ട്ടോ കാറില്‍ ആണ് ഇയാള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു ഡബിള്‍ ബാരല്‍ ഗണ്‍ പൊലീസ് കണ്ടെടുത്തു.

കുടുംബവഴക്കാണ് വെടിവയ്പ്പിന് കാരണം എന്നാണ് നിഗമനം.