ഡല്‍ഹി കൂട്ടമാനഭംഗം: വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം

Webdunia
വെള്ളി, 22 മാര്‍ച്ച് 2013 (11:32 IST)
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിചാരണ രഹസ്യമാക്കണമെന്ന സാകേത് പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

കേസില്‍ രഹസ്യ വിചാരണ നടത്തണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ സാകേത് വിചാരണാ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധമില്ലാത്ത അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊന്നും വിചാരണാ വേളയില്‍ പ്രവേശനം ഉണ്ടാകില്ലെന്നും കോടതി നടപടികള്‍ അനുവാദം കൂടാതെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്നും സാകേത് കോടതി വിധിക്കുകയും ചെയ്തു. ഈ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണാ നടപടികള്‍ ജനങ്ങളും മാധ്യമങ്ങളും ഉറ്റുനോക്കുന്നതാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ ആറ്‌ പ്രതികളായിരുന്നു. മുഖ്യപ്രതി രാം സിംഗ് ഈയിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഇയാളുടെ സഹോദരന്‍ മുകേഷ്‌, കൂട്ടാളികളായ പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ ഠാക്കൂര് എന്നിവരാണ് മറ്റ് പ്രതികള്‍. ‍പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി കേസില്‍ പ്രതിയാണ്.

ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. മാനഭംഗത്തിന് ഇരായായ 23കാരിയായ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.