ഡല്‍ഹിയില്‍ ക്രൈസ്തവ വിദ്യാലയത്തിനു നേരെ ആക്രമണം

Webdunia
വെള്ളി, 13 ഫെബ്രുവരി 2015 (10:29 IST)
ഡല്‍ഹിയില്‍ ക്രൈസ്തവ വിദ്യാലയത്തിനു നേരെ ആക്രമണം. സൌത്ത് ഡല്‍ഹിയിലെ, വസന്ത് വിഹാറിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം വിദ്യാലയത്തിനു നേരെയാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.
 
അതേസമയം, വിലപിടിപ്പുള്ള സാധനങ്ങളൊന്നും വിദ്യാലയത്തില്‍ നിന്ന് നഷ്‌ടപ്പെട്ടിട്ടില്ല. എന്നാല്‍, പ്രിന്‍സിപ്പളിന്റെ ഓഫിസ് അക്രമികള്‍ തകര്‍ത്ത നിലയിലാണ്. ഓഫീസിന്റെ കണ്ണാടിച്ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്.
 
അക്രമികള്‍ ആരാണ് എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സംഘത്തില്‍ നാലോളം പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയാന്‍ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്.