ട്വിറ്ററിലെ ഒരു ഫോട്ടോയും കമന്റും ഇത്രയും പ്രശ്നമാവുമെന്ന് ബിപാഷ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല! തന്റെ ഷൂസിന്റെ ലേസ് രണ്ട് പെണ്‍കുട്ടികള്‍ കെട്ടുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് നടിയുടെ ഫോളോവേഴ്സിനിടയില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചു എന്ന് മാത്രമല്ല അവരില്‍ പലരും ബാലവേലനിരോധന നിയമ പ്രകാരം താരത്തെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.
തിങ്കളാഴ്ചയാണ് ചിത്രവും അതിന് അനുബന്ധമായുള്ള കമന്റും ബിപ്സ് ട്വിറ്ററില്‍ ഇട്ടത്. എത്രയും പെട്ടെന്ന് എനിക്ക് ഷൂ ലേസ് കെട്ടാന്‍ പഠിക്കണം. എനിക്കതിനുള്ള ക്ഷമയില്ല. എന്നാല്‍, തീര്‍ച്ചയായും ഉടന്‍ തന്നെ അത് പഠിക്കും, എന്നായിരുന്നു ട്വീറ്റ്.
എന്നാല്‍, ചിത്രം കണ്ട ഫോളോവേഴ്സ് രണ്ട് ചേരിയിലായി. ബിപ്സ് ബാലവേല ചെയ്യിക്കുകയാണെന്നും അതിനുള്ള ശിക്ഷ നല്‍കുക തന്നെ വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്തായാലും, ആരാധകരുടെ രോഷം ഭയന്ന് ഉടന്‍ തന്നെ ബിപ്സ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, ചിത്രം ഡിലീറ്റ് ചെയ്യാന്‍ മറന്നത് കാരണം വീണ്ടും ട്വിറ്ററിലെ ജനരോഷം തകര്‍ത്ത് മുന്നേറി.
അവസാനം, ചിത്രവും ഡിലീറ്റ് ചെയ്ത ബിപ്സ് ആരാധകരോട് ട്വിറ്ററിലൂടെ തന്നെ ഖേദപ്രകടനം നടത്തി തടിതപ്പാന്‍ നോക്കിയതും വിവാദമായി. ഷൂ ലേസ് കെട്ടി സഹായിച്ചത് തന്റെ സഹോദരിയും കൂട്ടുകാരിയുമാണെന്നായിരുന്നു ബിപ്സ് നല്കിയ വിശദീകരണം. എന്നാല്‍, ബിപ്സിന് ഇത്രയും പ്രായം കുറഞ്ഞ സഹോദരിമാര്‍ ഇല്ല എന്നാണ് വിമര്‍ശകരുടെ പക്ഷം. നടിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളതെന്നും അവരിലൊരാള്‍ വിദേശത്താണെന്നും മറ്റൊരാള്‍ വിവാഹിതയാണെന്നുമാണ് ട്വിറ്ററിലൂടെ വന്ന പ്രതികരണം.
അതേസമയം, ഒരു തമാശയ്ക്ക് ഇത്രയും ഗൌരവതരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതേ എന്നാണ് ബിപ്സ് അപേക്ഷിക്കുന്നത്!