ട്രെയിനപകടം: മരണ സംഖ്യ ഉയരുന്നു

Webdunia
ശനി, 29 മെയ് 2010 (10:06 IST)
പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാമില്‍ മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. ബോഗികള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സൂചന. മരണ സംഖ്യ നൂറ് കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖേമസൊലി, സര്‍ദിയ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം നക്സലുകള്‍ തകര്‍ത്തതാണ് അപകടകാരണമായത്. പാളം തെറ്റിയ ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയില്‍ അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിക്കു മുന്നില്‍ പെട്ടതാണ് അപകടം കൂടുതല്‍ ഗുരുതരമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന അപകടത്തെ തുടര്‍ന്ന് നക്സല്‍ ബാധിത പ്രദേശര്‍ത്തു കൂടിയുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റയില്‍‌വെ പ്രഖ്യാപിച്ചു. അതേസമയം, ആവശ്യമായ സുരക്ഷ നല്‍കിയില്ല എങ്കില്‍ ഈ പ്രദേശങ്ങളിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് എഞ്ചിന്‍ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.