ടിവി, സിനിമ, കോണ്ടം ഉപേക്ഷിക്കണമെന്ന് ജാമിയത്

Webdunia
ബുധന്‍, 9 മാര്‍ച്ച് 2011 (11:29 IST)
PRO
മുസ്ലീം യുവാക്കള്‍ ടിവി പരിപാടികളും സിനിമകളും കാണുന്നത് അവസാനിപ്പിക്കണമെന്നും കോണ്ടം ഉപയോഗമാണ് ലൈംഗിക അരാജകത്വത്തിന്റെ അടിസ്ഥാന കാരണമെന്നും പ്രമുഖ മുസ്ലീം സംഘടനയായ ജാമിയത്- ഉലെമ- ഇ- ഹിന്ദ്. യുവാക്കള്‍ മതപരമായ ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും നവോത്ഥാന സമിതികള്‍ രൂപീകരിക്കണമെന്നും ജാമിയത് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

എന്നാല്‍, ജാമിയതിന്റെ കര്‍ശനമായ നിര്‍ദ്ദേശം മുസ്ലീം ബുദ്ധിജീവികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ‘പീസ് ടിവി’, ‘വിന്‍ ടിവി’ തുടങ്ങിയ ചാനലുകള്‍ മുസ്ലീം ജീവിത ശൈലി പ്രചരിപ്പിക്കുന്നവയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ടിവി പരിപാടികള്‍ എല്ലാം തള്ളിക്കളയാന്‍ കഴിയില്ല എന്നും ആവശ്യമുള്ളവ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നുമാണ് ഇവരുടെ അഭിപ്രായം.

എയിഡ്സ് തടയാനെന്ന മട്ടില്‍ കോണ്ടം പ്രചരിപ്പിക്കുന്നത് ലൈംഗിക അരാജകത്വത്തിന്റെ പ്രധാന കാരണമാണെന്ന് പറയുന്നതും അംഗീകരിക്കാനാവില്ല എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും പ്രചാരത്തിലാവുന്നതിലൂടെ വാണിജ്യവല്‍ക്കരണത്തിന് ഇരയാവുന്നുണ്ട് എന്നും അത് പരമ്പരാഗത മൂല്യങ്ങളെ തകര്‍ക്കുന്നുണ്ട് എന്നും ഇക്കൂട്ടര്‍ അംഗീകരിക്കുന്നു. അതേസമയം, ലൈംഗിക അരാജകത്വവും കോണ്ടവും തമ്മില്‍ ഇത്തരത്തില്‍ ബന്ധപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് വിമര്‍ശകരുടെ വാദം.

മുസ്ലീം യുവാക്കള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിനെ കുറിച്ചും മുസ്ലീം സമുദായം പാശ്ചാത്യ സംസ്കാരത്തിനു പിന്നാലെ പായുന്നതിനെ കുറിച്ചും പ്രമേയത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ഭാട കല്യാണങ്ങളും സ്ത്രീധനം നല്‍കുന്ന രീതി അവസാനിപ്പിക്കണം എന്നും ജാമിയത്- ഉലെമ- ഇ- ഹിന്ദ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.