സുരക്ഷിതമല്ലാത്ത രീതിയില്‍ അണുനശീകരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ മുംബൈയിലെ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി. മുളുന്ദിലുള്ള പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് ഉത്തരവിട്ടത്. നേരത്തെ കമ്പനി അടച്ചൂപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലൈസന്‍സും റദ്ദ് ചെയ്തത്.
ശ്വാസകോശ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമായ എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ചാണ് ബേബി പൗഡറില്‍ അണുനശീകരണം നടത്തിയതെന്ന് നേരത്തെ മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നവജാത ശിശുക്കള്‍ക്കടക്കം കുട്ടികള്‍ക്കു വ്യാപകമായി ഉപയോഗിക്കുന്നതാണ് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍.
ഇതേസമയം വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവം കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് പെഗ്ഗി ബാള്‍മാന്‍ പറഞ്ഞു. കമ്പനിയുടെ അണുനശീകരണ പ്രകിയക്കെതിരെ പരാതിയൊന്നും വന്നിട്ടില്ലെന്നും ഇതുമൂലം ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.