ജെ എന്‍ യു വിഷയം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് സ്മൃതി ഇറാനി

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (05:27 IST)
ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും രോഹിത്ത് വെമുലയുടെ ആത്മഹത്യ വിവാദവും പാര്‍ലമെന്റിനെ പ്രക്ഷുബ്ദമാക്കി. ക്യാമ്പസുകളെ താന്‍ കാവിവത്കരിക്കുകയാണെന്ന ആരോപണം തെളിയിക്കാനായാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. യു പി എ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ ഇപ്പോഴുമുണെന്നും  അതില്‍ ഏതെങ്കിലും ഒരാള്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ രാജിവെക്കാമെന്നും സ്മൃതി ഇറാനി പറഞ്ഞു. ജെ എന്‍ യു, രോഹിത് വെമൂല വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
 
രോഹിതിന്റെ മൃതദേഹം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ രോഹിത്തിനെ രക്ഷിക്കാനാകുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. രോഹിതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അല്ലാതെ ഒരു ദളിത് വിദ്യാര്‍ഥിയെക്കുറിച്ചല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
 
തെലുങ്കാന സമരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടും അവിടെ പോകാതിരുന്ന രാഹുല്‍ ഗാന്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കണ്ടാണ് രണ്ടുതവണ ഹൈദരാബാദില്‍ പോയതെന്നും സ്മൃതി ഇറാനി ആരോപിച്ചു. പരിപാടി നടത്താനുള്ള അപേക്ഷയില്‍ കവിതാലാപനമെന്നെഴുതി ഉമര്‍ ഖാലിദ് സര്‍വ്വകലാശാലയെ കബളിപ്പിക്കുകയായിരുന്നവെന്നും സമൃതി ഇറാനി പറഞ്ഞു.