ജൂണ്‍ 3ന് മോഡി - ജയലളിത ചര്‍ച്ച, ഉമ്മന്‍‌ചാണ്ടി എന്ന് മോഡിയെ കാണും?

Webdunia
വെള്ളി, 30 മെയ് 2014 (11:26 IST)
തമിഴ്‌നാടിന്‍റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി ജയലളിത ജൂണ്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ജയലളിത ചര്‍ച്ച നടത്തും. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയലളിത ബഹിഷ്കരിച്ചിരുന്നു. അതുമൂലമുണ്ടായ മാനസികാകലം കുറയ്ക്കുന്നതിനും ഈ കൂടിക്കാഴ്ചയിലൂടെ സാധിക്കുമെന്നാണ് ജയലളിത കരുതുന്നത്.
 
ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെയെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ജയലളിത ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും സംസ്ഥാനത്തിന്‍റെ വികസനത്തെ പ്രതികൂലമായി ബാധിക്കരുതെന്ന് തിരിച്ചറിഞ്ഞാണ് ജയലളിത പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. 
 
കേരളാ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചതായി ഉമ്മന്‍‌ചാണ്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ ജൂണ്‍ രണ്ടിന് ഉമ്മന്‍‌ചാണ്ടിക്ക് കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.