ജയിലിലെ ജോലിക്ക് കൂലി വേണ്ടെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കാലിത്തീറ്റ കംഭകോണക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ലാലു കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഈ സമയത്താണ് ലാലുവിന് ഇതുവരെയുള്ള കൂലി നല്‍കാന്‍ ജയിലധികൃതര്‍ തയാറായത്. എന്നാല്‍ ഇത് ലാലു സ്നേഹപൂര്‍വം നിരസിച്ചു.
ജയിലില്‍ തോട്ടക്കാരന്റെ ജോലിയായിരുന്നു ലാലുവിന്. കൂലിയാകട്ടെ ദിവസം 14 രൂപയും. തോട്ടക്കാരനെന്ന നിലയില്‍ ജയിലില്‍ ലാലുവിന്റെ നേതൃത്വത്തില്‍ നിരവധി പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചിരുന്നു. ആദ്യം അധ്യാപക ജോലിയായിരുന്നു ലാലുവിന് ജയിലധികൃതര്‍ നല്‍കാനിരുന്നത്. എന്നാല്‍ ലാലുവിന്റെ ആവശ്യപ്രകാരം തോട്ടക്കാരന്റെ ജോലി ലാലുവിന് നല്‍കുകയായിരുന്നു.
ആരോഗ്യം കാത്തുസൂക്ഷിക്കാനാണ് ലാലു തോട്ടക്കാരന്റെ ജോലി തെരഞ്ഞെടുത്തത്. കാലിത്തീറ്റ കേസില്‍ സെപ്റ്റംബര്‍ 20നാണ് ലാലുവിനെ പ്രത്യേക സിബിഐ കോടതി അഞ്ചു വര്‍ഷം തടവിനും 25 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചത്.