കരസേന മേധാവി വി കെ സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. തന്റെ ജനനത്തീയതി 1951 മെയ് പത്തായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിംഗിന്റെ സത്യസന്ധതയെ സംശയിക്കുന്നില്ലെന്നും എന്നാല്‍ രേഖകളാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് അദ്ദേഹം ഹര്‍ജി പിന്‍വലിച്ചു.
യു പി എ സിയില്‍ ജനന തീയതി 1951 ആണെന്ന് വി കെ സിംഗ് എന്തുകൊണ്ട് തിരുത്തിയില്ലെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ചേരുന്നതിനായി നല്‍കിയത് ജനനവര്‍ഷം 1950 ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനറല്‍ വി കെ സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്തായി നിശ്ചയിച്ച് കഴിഞ്ഞ ഡിസംബര്‍ 30ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നേരത്തെ പിന്‍വലിച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയം ഉത്തരവ് പിന്‍വലിച്ചത്. ഡിസംബര്‍ 30-ലെ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ എച്ച് എല്‍ ഗോഖലെ എന്നിവര്‍ കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.