ചെന്നൈക്ക് ഭീകരാക്രമണ മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2007 (13:03 IST)
ചെന്നൈയില്‍ ഭീകരാക്രമണം നടക്കുമെന്ന് കേന്ദ്ര ഇന്‍റജിലന്‍സ് ഏജന്‍സി തമിഴ്‌നാട് ഡിജിപിക്ക് മുന്നറിയിപ്പ് നല്‍കി.

മൂന്നോ നാലോ ഹര്‍ക്കത്ത്-ഉള്‍-ജിഹാദ്-അല്‍-ഇസ്ലാമി ഭീകരര്‍ ചെന്നൈയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്നുവെന്നാണ് കേന്ദ്ര ഇന്‍റജിലന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്. ചില ടെലിഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.

ഹൈദരബാദില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്‍റജിലന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായിട്ടല്ല ഈ വിവരം നല്‍കിയതെന്ന് ആരോപിച്ച് ഹൈദരബാദ് പൊലീസ് ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു.

ഹൈദരബാദ് ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

.