ചിന്നസ്വാമി സ്ഫോടനം: മദനി കുറ്റം സമ്മതിച്ചു?

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2010 (15:25 IST)
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ പി എല്‍ മത്സരങ്ങള്‍ നടക്കുന്നതിന് മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രവര്‍ത്തിച്ചിട്ടുണ്ടോ? ആ ഗൂഢാലോചനയില്‍ മദനി പങ്കാളിയാണോ? താന്‍ ഈ സ്ഫോടനം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി മദനി സമ്മതിച്ചു എന്നാണ് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ ഇന്ന് വെളിപ്പെടുത്തിയത്.

ഈ സ്ഫോടനങ്ങള്‍ നടന്നത് മദനിയുടെ അറിവോടെയാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആചാര്യ പറയുന്നത്. മദനി കുറ്റം സമ്മതിച്ചതായും അദ്ദേഹം പറയുന്നു. എന്നാല്‍ അറസ്റ്റിലാകുന്നതിനു മുമ്പ് മദനി നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ഓരോ ദിവസവും തന്നെ പുതിയ കേസുകളില്‍ ഉള്‍പ്പെടുത്താന്‍ കര്‍ണാടക പൊലീസ് ശ്രമിക്കുമെന്നും താന്‍ കുറ്റം സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളൊക്കെ അവര്‍ പുറം‌ലോകത്തിനു നല്‍കുമെന്നുമായിരുന്നു അത്.

ചിന്നസ്വാമി സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് മദനി മൊഴി നല്‍കിയതായാണ് കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകളെക്കുറിച്ച് കൂടുതലൊന്നും വി എസ് ആചാര്യ വ്യക്തമാക്കിയതുമില്ല.

2010 ഏപ്രില്‍ 17ന്‌ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മില്‍ നടന്ന മത്സരത്തിനു തൊട്ടുമുമ്പായിരുന്നു ഇരട്ടസ്ഫോടനം അരങ്ങേറിയത്. സ്ഫോടനങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.