ചവാന്‍ പിശുക്കന്‍, സോണിയയുടെ റാലി കാശിന്!

Webdunia
വെള്ളി, 15 ഒക്‌ടോബര്‍ 2010 (11:06 IST)
PRO
മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പിശുക്കനാണോ? ചവാന്‍ പിശുക്കനാണെന്നും സോണിയ പങ്കെടുക്കുന്ന സേവാഗ്രാം റാലിക്ക് വേണ്ടി കനത്ത പണപ്പിരിവ് നടത്തണമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് രഹസ്യ ക്യാമറയില്‍ പിടിച്ചത് വിവാദമാവുന്നു.

മുന്‍ ടെക്സ്റ്റൈല്‍ മന്ത്രി സതീഷ് ചതുര്‍വേദിയും എം‌പി‌സിസി അധ്യക്ഷന്‍ മണിക് റാവു താക്കറെയും നടത്തിയ സംഭാഷണമാണ് അവരറിയാതെ റിക്കോഡ് ചെയ്തത്. “അവസാനം ചവാനും വഴിക്കെത്തി. അയാള്‍ സംഭാവന നല്‍കാന്‍ തയ്യാറല്ലായിരുന്നു, അയാളൊരു പിശുക്കനാണ്”, എന്ന് ഇവര്‍ പറയുന്നതും സോണിയയുടെ സേവാഗ്രാം റാലിക്കായി ആകാവുന്നിടത്തോളം ഫണ്ട് പിരിക്കുന്നതിനുള്ള പാര്‍ട്ടി തീരുമാനത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുന്നതും ക്യാമറയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

മന്ത്രിമാര്‍ 10 ലക്ഷം രൂപ വീതവും മുഖ്യമന്ത്രി അശോക് ചവാന്‍ രണ്ട് കോടി രൂപയുമാണ് റാലിക്ക് വേണ്ടി സംഭാവന ചെയ്തത് എന്ന് വ്യക്തമായിട്ടുണ്ട്. ഒക്ടോബര്‍ 15 ന് ആണ് റാലി.

കാശിനു വേണ്ടി റാലി നടത്തുന്നു എന്ന ആരോപണത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് പരാമവധി ശ്രമം നടത്തുന്നുണ്ട്. അതേസമയം, ഇത്രയധികം രൂപ സംഭാവന നല്‍കിയ ചവാന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്ന് ബിജെപിയും ശിവസേനയും ആവശ്യപ്പെട്ടു.