ഗൌരിയമ്മയ്ക്കെതിരെ സ്വീകരിച്ച നടപടി വിഎസിന്റെ കാര്യത്തില്‍ സ്വീകരിക്കില്ലെന്ന് കാരാട്ട്

Webdunia
ബുധന്‍, 8 ഏപ്രില്‍ 2015 (16:54 IST)
എം വി രാഘവനും കെ ആര്‍ ഗൌരിയമ്മയ്ക്കും എതിരെ സ്വീകരിച്ച നടപടി പ്രകാശ് കാരാട്ടിന്റെ കാര്യത്തില്‍ സ്വീകരിക്കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
എല്ലാവരുടെയും കാര്യത്തില്‍ ഒരേ മാനദണ്ഡം സ്വീകരിക്കാനാവില്ല. രാഷ്‌ട്രീയ സാഹചര്യത്തിലും സംഘടനാസാഹചര്യത്തിലും വന്ന മാറ്റമനുസരിച്ചാണ് വി എസിന്റെ കാര്യത്തില്‍ പാര്‍ട്ടി വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത്. എം വി രാഘവനും ഗൗരിയമ്മയ്ക്കും നൃപന്‍ ചക്രവര്‍ത്തിക്കും എതിരെ സി പി എം സ്വീകരിച്ച അച്ചടക്ക നടപടി വി എസിന്റെ കാര്യത്തില്‍ സ്വീകരിക്കാനാവില്ല.
 
പ്രായം കൂടും തോറും ഊര്‍ജം കൂടുന്ന നേതാവാണ് വി എസ്. പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് വ്യക്തമാക്കി.  
 
കേരളത്തിലെ യു ഡി എഫ് നേതാക്കള്‍ ഏത് വൈരുദ്ധ്യനിടയിലും സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ പരിചയസമ്പന്നരാണെന്നും സര്‍ക്കാര്‍ നിലം പതിച്ചില്ല എന്നതുകൊണ്ട് കേരളത്തില്‍ എല്‍ ഡി എഫ് നടത്തിയ സമരങ്ങള്‍ പരാജയമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 
പാര്‍ലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പി രാജീവിന് ഒരവസരം കൂടി നല്‍കാമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും സംഘടനാപരമായ ഉത്തരവാദിത്തമാണ് തടസ്സമായതെന്നും കാരാട്ട് പറഞ്ഞു.