ഗെയിംസ്: കരാറുകാര്‍ 250 കോടി തട്ടി

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2011 (12:09 IST)
PRO
PRO
കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള അടിസ്ഥാനസൌകര്യവികസനം നടപ്പാക്കിയ കരാറുകാര്‍ 250 കോടിയിലധികം രൂപ അനര്‍ഹമായി നേടിയെടുത്തതായി കണ്ടെത്തി. ഗെയിംസ് അഴിമതി അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച വി കെ ഷുംഗ്ലു കമ്മിറ്റിയാണ് ഇക്കാര്യം കണ്ടെത്തിയത്.

നഗരനവീകരണത്തിനായി 3,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ഇത്തരത്തിലുള്ള 19 പദ്ധതികള്‍ ഏറ്റെടുത്ത കരാറുകാരാണ് കോടികളുടെ അനധികൃത നേട്ടം കൈക്കലാക്കിയതെന്ന് പ്രധാനമന്ത്രി നിയോഗിച്ച കമ്മിറ്റിയുടെ മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2010 ഒക്‍ടോബറില്‍ നടന്ന ഗെയിംസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ പലതും വൈകിയാണ് തുടങ്ങിയത്. ഇത് ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പദ്ധതികള്‍ 2005-06 -ല്‍ തുടങ്ങണമായിരുന്നുവെന്നും സമിതി നിരീക്ഷിച്ചു.

പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കേണ്ട മുഖ്യമന്ത്രി ഷീല ദീക്ഷിത് അതിന് തയ്യാറായില്ല. നഗരത്തിലെ റോഡുകള്‍, മേല്‍പ്പാലങ്ങള്‍, തെരുവുവിളക്കുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന കരാറുകാര്‍ 63.20 കോടി രൂപയും നിരത്ത് മോടിപിടിപ്പിക്കുന്നവര്‍ 16 കോടിയും അനധികൃതമായി നേടിയെടുത്തു. ഇത് അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വി കെ ഷുംഗ്ലു കമ്മിറ്റിയുടെ മൂന്ന് റിപ്പോര്‍ട്ടുകളാണ് ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ചിട്ടുള്ളത്.