ഗുല്‍ബര്‍ഗയിലെ നഴ്സിങ്ങ് കോളജില്‍ വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവം: മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

Webdunia
ശനി, 25 ജൂണ്‍ 2016 (07:45 IST)
ഗുല്‍ബര്‍ഗയിലെ നഴ്സിങ്ങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍‍. റാഗിങ് നടന്ന ഗുല്‍ബര്‍ഗയിലെ അല്‍-ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ്‌ ഗുല്‍ബര്‍ഗ പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഇന്നലെയാണ് ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ നിന്നും മലയാളികളായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികളെ ഡിവൈഎസ്പി എസ് ഝാന്‍വിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിനി അശ്വതിക്കൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 
അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും റാഗിങ്ങ് ആക്റ്റ്, പട്ടികജാതി പട്ടികവര്‍ഗ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസാണ് അന്വേഷണത്തിനായി കര്‍ണാടകയിലേക്ക് പോയത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് കല്‍ബുര്‍ഗി പൊലീസ് സ്റ്റേഷന് കൈമാറും.
 
അതേസമയം കര്‍ണാടക പൊലീസ് സംഘം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി അശ്വതിയുടെ മൊഴിയെടുക്കും. തുടര്‍ന്ന് അശ്വതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article