ഗുജറാത്ത് ഭീകര വിരുദ്ധ ബില്‍ പാസാക്കി

Webdunia
ചൊവ്വ, 28 ജൂലൈ 2009 (20:33 IST)
മാറ്റങ്ങള്‍ വരുത്തണമെന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ നിര്‍ദേശം തള്ളികൊണ്ട് മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ ബില്‍(ഗുജറാത്ത് കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം) പാസാക്കി.

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാല്‍ എകകണ്ഠമായി ആണ് ബില്‍ സഭ പാസാക്കിയത്. രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ ബില്‍ ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ മറ്റൊരു പതിപ്പായി മാറുമെന്നും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഒരു സംസ്ഥാനത്തിന് അത് ദോഷം ചെയ്യുമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ആദ്യമായി ബില്‍ അവതരിപ്പിച്ചപ്പോള്‍ രാജ്യത്ത് പോട്ട നിയമം നിലവില്‍ ഉണ്ടായിരുന്നു. അതിനാല്‍ ആസൂത്രിതമായ കുറ്റകൃത്യങ്ങള്‍ മാത്രമാണ് ബില്ലിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോട്ട നിലവില്‍ ഇല്ലാത്തതിനാല്‍ തിവ്രവാദത്തെക്കുറിച്ചും തീവ്രവാദിയെ കുറിച്ചുമുള്ള നിര്‍വചനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

2004 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ തീവ്രവാദ വിരുദ്ധ നിയമം കേന്ദ്രമന്ത്രിസഭയുടെ ഉപദേശത്തെ തുടര്‍ന്ന് രാഷ്ട്രപതി മടക്കി അയച്ചിരുന്നു. മൂന്ന് മാറ്റങ്ങളാ‍ണ് ബില്‍ മടക്കുമ്പോള്‍ രാഷ്ട്രപതി നിര്‍ദേശിച്ചിരുന്നത്.

ഒരു പൊലീസ് ഓഫീസറുടെ മുന്നില്‍ ഒരു കുറ്റവാളി നടത്തുന്ന കുറ്റസമ്മതം വിചാരണ വേളയില്‍ തെളിവായി പരിഗണിക്കുമെന്നത് മാറ്റണമെന്നായിരുന്നു അവയില്‍ പ്രധാനപ്പെട്ട നിര്‍ദേശം. ബില്‍ വീണ്ടും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി പറഞ്ഞു.