ഗുജറാത്തി വ്യവസായിയും മലയാളി വനിതാ സെക്രട്ടറിയും കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 7 മെയ് 2013 (08:59 IST)
PRO
PRO
ഗുജറാത്തി വ്യവസായി വിനോദ് ബ്രോക്കര്‍ (84), സെക്രട്ടറി മലയാളിയായ ഉഷാ നായര്‍ (51) എന്നിവരെ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിനോദിന്റെ ബംഗ്ലാവ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയില്‍ കലാശിച്ചത് എന്നാണ് വിവരം. ഗുജറാത്തി സാഹിത്യകാരന്‍ ഗുല്‍ബദാസ് ബ്രോക്കറുടെ മകനാണു വിനോദ്.

ഏപ്രില്‍ 30 മുതല്‍ കാണാതായ വിനോദിനെയും ഉഷയെയും പുണെയ്ക്കടുത്തു സാത്താറയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിനോദിന്റെ ബംഗ്ലാവ് വാങ്ങാനായി അഡ്വാന്‍സ് നല്‍കിയ ഇബ്രാഹിം ഷെയ്ഖ് എന്നയാളും കൂട്ടാളികളായ രവീന്ദ്ര റെഡ്ഡി, നിതിന്‍ ഭാട്ടിയ എന്നിവരുമായി പൊലീസ് പിടിയിലായത്.

വിനോദിനെയും ഉഷയെയും തട്ടിക്കൊണ്ടു പോയി ബംഗ്ലാവിന്റെ രേഖകള്‍ കൈവശപ്പെടുത്തിയ ശേഷം കൊല നടത്തുകയായിരുന്നു എന്നാണ് സൂചനകള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇബ്രാഹിം ഷെയ്ഖിന് ബംഗ്ലാവ് വില്‍ക്കുന്നത് ഇതിന് സമീപത്തുള്ളവര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് ഇത്തരം ഒരു നീക്കം നടത്തിയത് എന്നാണ് വിവരങ്ങള്‍.

25 വര്‍ഷക്കാലമായി വിനോദിന്റെ സ്ക്രട്ടറിയാണ് ഉഷ.