ഗിര്‍ വനത്തില്‍നിന്ന് സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2013 (18:59 IST)
PRO
PRO
ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ നിന്ന് ഏതാനും സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. വംശനാശം സംഭവിക്കുന്ന വിഭാഗത്തിലുള്ള സിംഹങ്ങളായതുകൊണ്ട് മറ്റൊരു സ്ഥലത്തു കൂടി ആവാസമൊരുക്കണം. ആറ് മാസത്തിനകം സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗിര്‍വനത്തില്‍ നിന്ന് സിംഹങ്ങളെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഗുജറാത്ത്-മധ്യപ്രദേശ് തര്‍ക്കത്തിലാണ് സുപ്രീംകോടതി വിധി.

മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിലേക്കാണ് സിംഹങ്ങളെ മാറ്റുക. അതേസമയം ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ഗുജറാത്തിന്റെ പാരമ്പര്യമാണ് ഗിര്‍ വനത്തിലെ സിംഹങ്ങളെന്നും അവയെ മധ്യപ്രദേശിലേക്ക് മാറ്റാനാകില്ലെന്നും കാണിച്ച് നരേന്ദ്ര മോഡി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. മധ്യപ്രദേശിലേക്ക് മാറ്റേണ്ടുന്ന സിംഹങ്ങളുടെ എണ്ണം സംബന്ധിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കുന്നതിനുമായി സുപ്രീംകോടതി ഒരു വിദഗ്ദ്ധ സംഘത്തെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ നാനൂറോളം സിംഹങ്ങളാണ് ഗുജറാത്തിലെ ഗിര്‍ വനമേഖലയിലുള്ളത്.