ഗിന്നസ് ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പ്രകടനത്തിനിടെ പ്രമുഖ സാഹസികാഭ്യാസിയ്ക്ക് ദാരുണാന്ത്യം. സാഹസികാഭ്യാസി സൈലേന്ദ്ര നാഥ് റോയ്(47) ആണ് ആകാംക്ഷാഭരിതരായി കാത്തുനിന്ന കാണികളെ കണ്ണീരണിയിച്ച് മരണത്തിന് കീഴടങ്ങിയത്. പശ്ചിമ ബംഗാളിലെ ടീസ്ത നദിക്കു കുറുകെ സാഹസികാഭ്യാസം നടത്തുന്നതിനിടെ ഹൃദയസ്തംഭനം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പൊലീസ് ഹോം ഗാര്‍ഡ് ആയ സൈലേന്ദ്ര നാഥ് മുടി പോണി ടെയില്‍ ആയി ചരടില്‍ കെട്ടി അതില്‍ തൂങ്ങിക്കിടന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് റെക്കോര്‍ഡ് ഇടാന്‍ ശ്രമിക്കുകയായിരുന്നു. സൈലേന്ദ്ര നാഥ് തന്നെ സ്ഥാപിച്ച റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമമാണ് ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരിയില്‍ നടന്നത്. ടീസ്ത നദിയ്ക്ക് മുകളില്‍, ജലനിരപ്പില്‍ നിന്ന് 70 അടി മുകളിലൂടെയാണ് സൈലേന്ദ്ര റോയ് ചരടില്‍ നീങ്ങിയത്. ആയിരങ്ങള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ എത്തി. എന്നാല്‍ യാത്രാമധ്യേ ചരടിലൂടെ നീങ്ങാന്‍ സാധിക്കാതെയായി. സാങ്കേതിക പ്രശ്നങ്ങള്‍ ആയിരുന്നു കാരണം.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. 25 മിനിറ്റിന് ശേഷമാണ് സൈലേന്ദ്ര റോയെ താഴെയിറക്കി റോഡില്‍ എത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
2011 മാര്‍ച്ച് ഒന്നിനാണ് സൈലേന്ദ്ര റോയുടെ ആദ്യ ഗിന്നസ് റെക്കോര്‍ഡ് പിറന്നത്. മുടിക്കെട്ടില്‍ ചരട് കെട്ടി 40 ടണ്ണുള്ള ട്രെയിന്‍ വലിച്ചു നീക്കി 2012 അദ്ദേഹം വീണ്ടും ഗിന്നസ് റെക്കോര്‍ഡിട്ടു.