ഗാന്ധിവധവും രാജീവ് ഗാന്ധി വധവും രണ്ടായി പരിഗണിക്കുന്നതെങ്ങനെ?: സുപ്രീംകോടതിയില്‍ തമിഴ്നാട്

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (16:46 IST)
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യമുന്നയിച്ചു. ഗാന്ധിവധക്കേസിലെ പ്രതിയെ 16 വര്‍ഷത്തിനുശേഷം വിട്ടയയ്ക്കാമെങ്കില്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെയും മോചിപ്പിച്ചുകൂടേ എന്നാണ് തമിഴ്നാട് ചോദ്യം ഉന്നയിച്ചത്. 
 
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചത്. തമിഴ്നാടിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയാണ് ഗാന്ധിവധക്കേസുമായി ബന്ധപ്പെടുത്തി ഈ ചോദ്യം ഉന്നയിച്ചത്.
 
മഹാത്മാഗാന്ധിയുടെ വധത്തില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ഗോപാല്‍ വിനായക് ഗോഡ്സെയ്ക്ക് ജീവപര്യന്തം വിധിച്ചിരുന്നു. എന്നാല്‍ പ്രതിയെ 16 വര്‍ഷത്തിനുശേഷം മോചിപ്പിച്ചു. രാഷ്ട്രപിതാവിന്‍റെ വധക്കേസില്‍ പോലും തടവുശിക്ഷ കുറച്ചുനല്‍കിയപ്പോള്‍ രാജീവ് ഗാന്ധി വധക്കേസ് വ്യത്യസ്തമായി പരിഗണിക്കുന്നത് എങ്ങനെയാണെന്ന് രാകേഷ് ദ്വിവേദി ചോദിച്ചു.