ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതി

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2016 (18:18 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഉപയോഗിക്കുന്നതിനെതിരെ പരാതിയുമായി പഞ്ചാബ് സ്വദേശി രംഗത്ത്. സാമൂഹ്യപ്രവര്‍ത്തകനായ പി ഉല്ലാസാണ് മൊഹാലി പോലീസില്‍ പരാതി നല്‍കിയത്.
 
ഹെല്‍മറ്റില്‍ ദേശീയ പതാകയുടെ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിലൂടെ ദേശവികാരം വ്രണപ്പെടുത്തുകയാണ് താരങ്ങള്‍ ചെയ്യുന്നത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വന്നിരുന്നതായി ഉല്ലാസ് പറയുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ധോണിയോട് പറഞ്ഞത്. തന്റെ അഭ്യര്‍ത്ഥന പ്രകാരം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ദേശീയ പതാക പതിപ്പിച്ച ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ധോണി അവസാനിപ്പിച്ചതായും ഉല്ലാസ് കൂട്ടിച്ചേര്‍ത്തു.
 
ഇന്ത്യ-പാകിസ്ഥാന്‍ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അമിതാബ് ബച്ചന്‍ ദേശീയ ഗാനം തെറ്റിച്ചു പാടിയെന്നാരോപിച്ച് രംഗത്തുവന്നതും ഉല്ലാസാണ്.