ക്യാപ്‌റ്റന്‍ ലക്ഷ്‌മി അന്തരിച്ചു

Webdunia
തിങ്കള്‍, 23 ജൂലൈ 2012 (13:25 IST)
PRO
PRO
സ്വാതന്ത്ര്യസമര സേനാനിയും മലയാളിയുമായ ക്യാപ്‌റ്റന്‍ ലക്ഷ്‌മി(98) അന്തരിച്ചു. മസ്തിഷ്കാഘാതമായിരുന്നു മരണകാരണം. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അവര്‍. കാണ്‍പൂരിലെ സിവില്‍ ലൈന്‍ ഏരിയയിലെ വസതിയില്‍ വച്ചാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്.

സുഭാഷ്‌ ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണി റെജിമെന്റില്‍ കേണലായി സേവനം അനുഷ്ഠിച്ച ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ യഥാര്‍ത്ഥ പേര് ലക്ഷ്മി സൈഗാള്‍ എന്നാണ്. 1914 ഒക്ടോബര്‍ 24-ന് പാലക്കാട്ടെ ആനക്കര തറവാട്ടില്‍ ആയിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി ജനിച്ചത്. പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്റെയും പൊതുപ്രവര്‍ത്തകയായ എ വി അമ്മുക്കുട്ടിയുടെയും മകളായി പഴയ മദ്രാസിലായിരുന്നു ജനനം.

സുഭാഷ്‌ ചന്ദ്രബോസിന്റെ ആസാദ്‌ ഹിന്ദ്‌ സര്‍ക്കാരില്‍ വനിതാ വിഭാഗം മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡോക്ടര്‍ ആയ അവര്‍ സാമൂഹ്യപ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. 1941-ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി അവിടെ പാവങ്ങള്‍ക്കായി ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികളെ അവര്‍ പരിചരിച്ചു. 1942-ല്‍ ബ്രിട്ടീഷുകാര്‍ സിംഗപ്പൂരില്‍ ജപ്പാനു കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതില്‍ അവര്‍ മുഴുകി. ബംഗ്ലാദേശ് യുദ്ധകാലത്തും സിഖ് കൂട്ടക്കൊല നടന്നപ്പോഴുമൊക്കെ അവര്‍ ആതുരസേവനത്തിന് സമയം കണ്ടെത്തി.

രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടേത്. ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും അവര്‍ സജീവമായി പങ്കെടുത്തു. 1972-ല്‍ സിപിഎം ആംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാവായി. 1998-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചു. 2002-ല്‍ എപിജെ അബ്ദുള്‍ കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയായിരുന്നു അവര്‍.

ഭര്‍ത്താവ് കേണല്‍ പ്രേം കുമാര്‍ സൈഗാള്‍ ജീവിച്ചിരിപ്പില്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി മകളാണ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം ഇന്ന് വൈകിട്ട് വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും.