കോണ്‍ഗ്രസ് അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം: ജയ്സ്വാള്‍ വിവാദത്തില്‍

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (16:51 IST)
PTI
PTI
കേന്ദ്രമന്ത്രിമാര്‍ തൊടുത്തുവിട്ട മുസ്ലിം ക്വാട്ട വിവാദത്തില്‍പ്പെട്ട് വെട്ടിലായ കോണ്‍ഗ്രസിന് മറ്റൊരു മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനയിലൂടെ പുതിയ തലവേദന. കേന്ദ്ര കര്‍ക്കരി മന്ത്രിയും കാണ്‍‌പൂര്‍ എം എല്‍ എയുമായ ശ്രീപ്രകാശ് ജയ്സ്വാള്‍ ആണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പിന്നെ രാഷ്ട്രപതി ഭരണമാണ് ഏക പോംവഴി എന്നാണ് ജയ്സ്വാള്‍ അഭിപ്രായപ്പെട്ടത്. വിവാദമായതോടെ ജയ്സ്വാള്‍ പ്രസ്താവന പിന്‍‌വലിക്കുകയും ചെയ്തു.

ആത്മവിശ്വാസമില്ലാത്തവരാണ് സഖ്യമുണ്ടാക്കി ഭരിക്കാന്‍ ശ്രമിക്കുക. കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കാന്‍ തുനിയില്ല. ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസ് ഭരിക്കും. അല്ലാതെ വന്നാല്‍ രാഷ്ട്രപതി ഭരണമാകും ഉണ്ടാകുക- ഇതായിരുന്നു ജയ്സ്വാളിന്റെ പ്രസ്തവന.

ബി ജെ പി യും എസ് പിയും ഈ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ നിരാശയാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ബി എസ് പി പ്രതികരിച്ചു.

യു പിയില്‍ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. മാര്‍ച്ച് ആറിനാണ് അവസാന ഘട്ട വോട്ടെടുപ്പ്.