കേരളത്തില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Webdunia
വ്യാഴം, 23 ഏപ്രില്‍ 2015 (10:32 IST)
കേരളത്തില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണ രാജ്യസഭയില്‍ എത്തുന്ന കോണ്‍ഗ്രസ് എം പി വയലാര്‍ രവി, ഒരു ഇടവേളയ്ക്ക് ശേഷം രാജ്യസഭയില്‍ എത്തുന്ന എം പി അബ്‌ദുള്‍ വഹാബ്, സി പി എം എം പി കെ കെ രാഗേഷ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
 
രാജ്യസഭയുടെ 235ആം സമ്മേളനം ആണ് ഇന്ന് ആരംഭിക്കുക. മാര്‍ച്ച് 20നായിരുന്നു ക‍ഴിഞ്ഞ രാജ്യസഭാ സമ്മേളനം പിരിഞ്ഞത്​. മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ ഉള്‍പ്പടെ സുപ്രധാന ബില്ലുകള്‍ ചര്‍ച്ചക്ക്‌ വരും.
 
അതേസമയം, ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ പിന്തുണക്കുമെന്ന് കരുതിയ സമാജ്​വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ എതിരാകുമെന്നതും സര്‍ക്കാരിന്​ സഭയില്‍ ഭീഷണിയാകും.
 
മെയ്​ 13 വരെ നീളുന്ന സമ്മേളനത്തില്‍ 13 സിറ്റിംഗ് ഉണ്ടായിരിക്കും. 2015 - 2016 പൊതു ബജറ്റിലും റെയില്‍വേ ബജറ്റിലും പ്രഖ്യാപിച്ച തുക അനുവദിക്കലും, പ്രാധാന സാമ്പത്തിക ബില്ലുകള്‍ പാസാക്കുന്നത്​ ഉള്‍പ്പെടെയുള്ളവ ഈ സമ്മേളനത്തില്‍ നടക്കും.