കേരളത്തിലെ നിലവിലെ സ്ഥിതി പ്രയാസകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചതായി വി എം സുധീരന്‍. പ്രശ്‌നങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും പറഞ്ഞിട്ടുണ്ട്.
ഹൈക്കമാന്റിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയിലെത്തിയ സുധീരന്‍ കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കുമായും എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് സുധീരന്‍ ഡല്‍ഹിയിലെത്തിയത്.
നിലവിലെ അവസ്ഥയില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല സമര്‍പ്പിച്ച കേരളത്തില്‍ നിന്നുള്ള സംഘടന റിപ്പോര്‍ട്ടിലും രാഹുല്‍ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കളെ സംഘടനാ വിഷയങ്ങളിലുള്ള അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്.
ഇരു ഗ്രൂപ്പുകളിലും ഇല്ലാത്ത മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങളില്‍ സുധീരന്റെ അഭിപ്രായത്തിന് കേന്ദ്രം വില കല്പിക്കുന്നത്. കേരളത്തിലെ ചില പ്രമുഖ നേതാക്കള്‍ സോണിയാ ഗാന്ധിയെ കാണാൻ പലവട്ടം ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സുധീരനെ ക്ഷണിച്ചതിന് രാഷ്‌ട്രീയ പ്രാധാന്യം കല്പിക്കുന്നത്.