കേന്ദ്രമന്ത്രിസഭ ബുധനാഴ്ച പുന:സംഘടിപ്പിക്കുമെന്ന് സൂചന. ബുധനാഴ്ച വൈകിട്ട് അഞ്ചിന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തി.
മണിശങ്കര അയ്യര്‍, രാജീവ് ശുക്ല, മനീഷ് തിവാരി, കേരളത്തില്‍ നിന്ന് കെ സി വേണുഗോപാല്‍, പി കെ രാഘവന്‍ എന്നിവരാണ് പുതിയ മന്ത്രിമാരാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ശശി തരൂര്‍ രാജിവച്ചതിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഒരു സഹമന്ത്രിയുണ്ടാകുള്ള സാധ്യത ഏറെയാണ്. കെ സി വേണുഗോപാലിന്റെ പേരാണ് കേരളത്തില്‍ നിന്ന് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ആലപ്പുഴ എംപിയായ കെ സിക്ക് വെല്ലുവിളിയാകുന്നത് അതേ ജില്ലയില്‍ നിന്നുള്ള വയലാര്‍ രവിയും എ കെ ആന്റണിയും കേന്ദ്രമന്ത്രിമാരാണെന്നതാണ്. പക്ഷേ കെ സി വേണുഗോപാലിന്റെ ജന്മദേശം കണ്ണൂരാണെന്നത് അദ്ദേഹത്തെ നിര്‍ദ്ദേശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസിയും കെ സിയുടെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് അറിയുന്നത്.
ധനകാര്യം, പ്രതിരോധം, ആഭ്യന്തരം തുടങ്ങിയ പ്രധാനവകുപ്പുകളൊന്നും മാറാനിടയില്ല. ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുളള കാബിനറ്റ് മന്ത്രിമാര്‍ക്ക് അധികചുമതലകള്‍ നഷ്ടമാകുമെന്നും അറിയുന്നു. ഇപ്പോള്‍ മൂന്നു വകുപ്പുകളുടെ ചുമതലയുളള കപില്‍ സിബലിന് മാനവവിഭവശേഷി വകുപ്പ്, ശാസ്‌ത്ര സാങ്കേതിക വകുപ്പ് എന്നിവ നഷ്‌ടമായേക്കും. ടെലികോം വകുപ്പിന്റെ ചുമതല മാത്രമാകും ഇനി അദ്ദേഹത്തിനുണ്ടാകുക. ഭക്ഷ്യകൃഷി ശരത് പവാറിനും അധികവകുപ്പുകള്‍ നഷ്ടമാകും.
ടെലികോം വകുപ്പിന് പകരം ഡിഎംകെയ്‌ക്ക് ഷിപ്പിംഗ് വകുപ്പ് ലഭിക്കാനാണ് സാധ്യത. സ്പെക്ട്രം വിവാദത്തെ തുടര്‍ന്നാണ് ഡിഎംകെയുടെ എ രാജയ്ക്ക് ടെലികോം വകുപ്പ് നഷ്‌ടമായത് . ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി, പി സി ജോഷി എന്നിവര്‍ക്ക് പാര്‍ട്ടി ചുമതലകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.