കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്ക്ക് പുറത്ത് വേണം എന്ന ഹര്‍ജി തള്ളി

Webdunia
ചൊവ്വ, 29 ജനുവരി 2013 (12:20 IST)
PRO
PRO
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേക്ക് മാറ്റണം എന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിയായ മുകേഷ് ആണ് വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് വിചാരണ മാറ്റണം എന്നാണ് പ്രതി ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് മാറ്റണം. പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകന്‍ എം എല്‍ ശര്‍മയാണ് ഹര്‍ജി നല്‍കിയത്.

സംഭവത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ പൊലീസിനെയും കോടതിയേയും സ്വാധീനിച്ചേക്കാം എന്ന് പ്രതിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍ പോലുള്ള മെട്രോ നഗരങ്ങളിലും വിചാരണ വേണ്ടി. ഡല്‍ഹി പോലെയല്ല കോയമ്പത്തൂര്‍. ശാന്തമായ സ്ഥലമാണത്. ക്ഷേത്ര നഗരമാണ് മഥുര. അവിടങ്ങളിലെ ജനങ്ങള്‍ ദൈവഭക്തിയുള്ളവരാണ്, അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതെ സ്വന്തം കാര്യം നോക്കി ജീവിച്ചോളും എന്നും പ്രതിയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ കൂട്ടമാനഭംഗം നടന്നത്. കേസില്‍ 80 സാക്ഷികളാണ് ഉള്ളത്. കൊലപാതകം, കൂട്ടബലാത്സംഗം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, അസ്വാഭാവിക കുറ്റകൃത്യം, കവര്‍ച്ചയും കൊലപാതകവും, മനഃപൂര്‍വം ഉപദ്രവിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.